Tuesday, January 3, 2017

പതിനേഴിനോട്‌, ഞങ്ങൾ ഇന്ത്യയാകുന്നു ഞങ്ങൾ മാനവികതയാകുന്നു ;
കാലത്തിന്റെ മറ്റൊരു പേരാണ് മാറ്റം. ശരീരത്തിനു മാത്രമുള്ളതല്ല ബാലയൗവനവും ജരാനരകളും. സ്വഭാവത്തിനുമതുണ്ട്. ജീവിത്തിന്റെ സൂക്ഷ്മാണുവിൽവരെ അതിന്റെ അനുരണനങ്ങളുമുണ്ട്.
ഒരു മനുഷ്യാവാസ്ഥയിലെ ഋതുഭേദങ്ങളെല്ലാം ജീവിതാവാസ്ഥയിലുമുണ്ട്.
സമ്പന്നത, ധനത്തിന്റേതോ മനത്തിന്റേതോ ആകട്ടെ, അതിനു നട്ടുച്ച മാത്രമല്ല അസ്തമയസന്ധ്യയും നിറകൊണ്ട പാതിരയുമുണ്ട്.
നാം സഹിക്കുന്നതിനേക്കാൾ നമ്മെ മറ്റുള്ളവർ സഹിക്കുന്നുണ്ട്. നമ്മുടെ ചുടുനിശ്വാസത്തിന്റെ ഉഷ്ണക്കാറ്റേറ്റു വാടിത്തളർന്നു വീഴുന്നുമുണ്ട് പലരും. സഹനം സഹകരണത്തിന്റെ അഥവാ സാമൂഹികജീവിതത്തിന്റെ വിലാസമുദ്രയായതിനാൽ പരാതികളില്ല പരിഭവങ്ങളില്ല, അധികപേർക്കും. കാവലിന്റെയും കരുതലിന്റെയും കരുണാർദ്രമായ ഈ നീക്കുപോക്കുകളെ സംസ്കാരമെന്നു പറയാം, ബഹുസ്വരതയുടെ സഹനസംസ്‍കാരം. ഇന്ത്യ മാനവികതയുടെ മഹത്തായ ഒരതിശയമാകുന്നത് അങ്ങിനെയാണ് (A L ബാഷാമിനെ ഓർക്കുക). മനുഷ്യനന്മയുടെ മഹാവിസ്മയം !
സമാന്തരങ്ങളിലല്ല, സഹജീവിതത്തിൽ സഹനജീവിതത്തിൽ വിശ്വസിക്കുന്ന സഹോദരങ്ങൾക്ക് നവവത്സരാശംസകൾ...
കഥ 
ആമുഖം...
ഇവിടെ ഇപ്പോൾ മുകൾപരപ്പിനേക്കാൾ വാസയോഗ്യമാണ് പാതാളം. നരകവാസികൾ വല്ലാതെ മോഹിപ്പിക്കുന്നു. ഹതാശജീവിതത്തിന് ഒരതിമോഹം.. ധീരദേശാഭിമാനിയായി രക്തസാക്ഷിയായി ഒരന്ത്യം !
ഒരു കഥ പിറന്നു, കൊച്ചുകഥ.

വാഴ്ത്തപ്പെട്ടവൻ

സ്തംഭനം, ശൂന്യത മുന്നിൽ എടുത്തുചാടാൻ ഒരു കടൽപോലുമില്ലാതെ ജീവിതം ഒരറ്റത്തുചെന്നു മുട്ടിനിൽക്കുകയാണ്. പിന്നിൽ ആർത്തലച്ചുവരുന്ന വൻസംഘം. മുദ്രപേപ്പറുകൾ ചെക്കുകൾ സ്റ്റേറ്റ്മെന്റുകൾ വാറന്റുകൾ റിക്കവറിഉത്തരുവുകൾ.... വേറെയും ആയുധങ്ങളുണ്ട് അവരുടെ കയ്യിൽ, ലാത്തി തോക്ക് തുടങ്ങി നിസാരമായവ.
ഓടി ഓടി എത്തിയത് മറ്റൊരു വലിയ ആൾക്കൂട്ടത്തിന്റെ നടുവിലേക്കാണ്. ഒരച്ഛൻ മകനെ ദേവപ്രീതിക്കായി ബലിനല്കുന്നതിനെതിരെയുള്ള ദുർബല സമരം.
എണ്ണത്തിൽ കുറവെങ്കിലും സർവ്വായുധസജ്ജരായ ഒരു
ക്വട്ടെഷൻ സംഘത്തിന്റെ അകമ്പടിയോടെ അച്ഛൻ മകനെ അവന്റെ നിലവിളിയും ചെറുത്തുനിൽപ്പും വകവെക്കാതെ വലിച്ചിഴച്ചു കൊണ്ടുവരുന്നു. മകനെ സാന്ത്വനിപ്പിച്ചുകൊണ്ടും എന്നാൽ അച്ഛനെ പിന്തുണച്ചുകൊണ്ടും അമ്മയും കൂടെയുണ്ട്. നാടിൻറെ മുഴുവൻ അഭിവൃദ്ധിക്കായുള്ള ബലിയായതിനാൽ നാട്ടുകാർ ഉയർന്നുവന്ന രോഷത്തെ അമർത്തിയൊതുക്കി മിണ്ടാതെനിന്നു. പ്രതിഷേധക്കാരുടെ നേതാവ് റ്റിവി ക്യാമറകൾക്ക് മുമ്പിൽ ഘോരഘോരം ആക്രോശിച്ചുകൊണ്ടിരിക്കുന്നതിനാൽ ബലി ഉടനെ നടക്കുവാൻപോകുന്ന വിവരം അറിഞ്ഞിട്ടേയില്ല.
പ്രധിഷേധക്കാർക്കിടയിലെ ചുണകുട്ടികളാണെന്നു കരുതി ബലിയുടെ നടത്തിപ്പ് ഏറ്റെടുത്ത ഇവൻറ്മാനേജ്‌മന്റ് കമ്പനിയുടെ സെക്യൂരിറ്റി ടീം എൻറെ പിന്നാലെ വന്ന സംഘത്തെ തടഞ്ഞു.
ദൈവമേ നീ എത്ര കാരുണ്യവാൻ ! എൻറെ ആത്മഗതം എല്ലാ സാക്ഷകളും പൊട്ടിച്ചു പുറത്തുചാടി. ഇഞ്ചിച്ചായി മരിച്ചുകൊണ്ടിരിക്കുന്നത്തിന്റെ നിത്യവേദനയിൽനിന്ന് രക്ഷനേടാൻ ഇതാ ഒരു സുവർണ്ണാവസരം !
ഒരു നാടിൻറെ മുഴുവൻ നായകനായി ഞാൻ നാളെ വാഴ്ത്തപ്പെടും. എൻറെ പേരിൽ രാജ്യമൊട്ടുക്കും അനാഥാലയങ്ങളും ആശുപത്രികളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഉയർന്നുവരും. ആ ശൃംഖലയെ നിയന്ത്രിക്കുന്ന ട്രസ്റ്റിൽ എൻറെ ഭാര്യയെയും മകനെയും ഉന്നതസ്ഥാനത്തു അവരോധിക്കേണ്ടിവരും..
ഒരു  നിമിഷാബ്‌ധത്തിൽ പത്തു പാട്ടുസീനെങ്കിലും ഞാൻ സ്വപ്നം കണ്ടു. ഒമ്പതു പാട്ടുസീനുകൾ ഒമ്പതു യൂറോപ്യൻനഗരങ്ങളിൽ, പത്താമത്തേതിൻറെ ലൊക്കേഷൻ സാക്ഷാൽ സ്വർഗലോകം. അവസാനത്തെ പാട്ടുസീനിൽ വെളുത്ത മഞ്ഞുകണങ്ങളിലൂടെ ഞാൻ പാറി പാറി... വെള്ളിമേഘങ്ങൾക്കിടയിലൂടെ ഒഴുകിനീന്തുന്ന സ്വർഗ്ഗസുന്ദരിയായ എൻറെ ഭാര്യയെ ചുറ്റിലും നിരന്നിരിക്കുന്ന ദേവന്മാരുടെ സന്നിധിയിൽവെച്ച് ആലിംഗനം ചെയ്യുന്ന ഒരു രംഗമുണ്ട്. ആ........
ആ ആവേശത്തിൽ ഒരൊറ്റചാട്ടത്തിന് അച്ഛനെയും മകനെയും പിന്നിലാക്കി ഞാൻ ബലിക്കല്ലിനടുത്തെത്തി. കൃത്യസമയത്തു ഉയർന്നുപൊങ്ങിയ ഖഡ്‌ഗം എൻറെ കഴുത്തിലേക്കു ഒരു
പൂമാല പോലെ.... ശുഭം.
സുബു പാറമ്മൽ.
LikeShow More Reactions
Comment