Friday, June 27, 2014

സ്വർഗ്ഗം വിളിക്കുന്നു ; നക്ഷത്രകുഞ്ഞുങ്ങളെ


സ്വർഗ്ഗം വിളിക്കുന്നു ; നക്ഷത്രകുഞ്ഞുങ്ങളെ.

മനുഷ്യൻ ആദിയിൽ സ്വർഗ്ഗത്തിൽ ദൈവത്തിൻറെ കരവലയത്തിൽ മാലാഖമാരുടെ പരിലാളനയിൽ നക്ഷത്രകുഞ്ഞായി പിറന്നു.
ആകാശങ്ങളിലെ ആരാമങ്ങളിൽ ഉല്ലസിച്ചു നടന്നവനിൽ കാമകോപങ്ങളുടെ മോഹതാപങ്ങളുണർന്നു.

'മാനുഷം' ഉള്ളിൽ തിളച്ചുതൂവി, ഉടൽ ഫണം നിവർത്തി, കരചരണങ്ങൾ വിഷം തീണ്ടി.    അതിർത്തികരയിലെ  അമരവള്ളിയിലേക്കു  അവൻ കൈ നീട്ടീ. 

ഭൂമിയിൽ അങ്ങിനെ മനുഷ്യവാസം തുടങ്ങി. രോഗപീഡകളും കഷ്ടനഷ്ടങ്ങളും
ജരാനരയും. ആധിക്കും ആശക്കുമിടയിൽ മുങ്ങിയും പൊങ്ങിയും  ഒരു ജന്മം.
അശാന്തിയുടെ അനന്തവീഥികളിൽ  ജന്മജന്മാന്തരങ്ങളുടെ കണ്ണീരും കിനാക്കളും.  

കരുണമാണ് ദൈവത്തിൻറെ ഭാവം.  കൃപയാണ് അവൻറെ രൂപം. ദയയാണ് ഭാഷ.

പുതിയ അരുളപ്പാടുണ്ടാകുന്നു ; സ്വർഗത്തിൽ പുനർജന്മത്തിനവസരം. കവാടങ്ങളിതാ തുറന്നിട്ടിരിക്കുന്നു. സാത്താൻ ബന്ധനസ്ഥനാണ്. പാപലോപങ്ങളുടെയും കാമലീലകളുടെയും ഞരമ്പുകൾ സീൽവെക്കപെട്ടിരിക്കുന്നു. 

ഉപവസിക്കുക, സമർപ്പിക്കുക, വിശുദ്ധമായ പകലുകൾ. അന്നമില്ലാതെ  ഭോഗമില്ലാതെ. മാനുഷമായതിൽ നിന്നെല്ലാം മുക്തി കൈവരിക്കുക. വാക്കും നോക്കും നിർമ്മലമാക്കുക.

നന്മകൾ ശതമായി സഹസ്രമായി  ശതസഹസ്രകോടിയായി ഗുണനം ചെയ്യപ്പെടുന്ന മുപ്പതു ദിനരാത്രങ്ങൾ. പുണ്യങ്ങളുടെ പൂങ്കാവനത്തിൽ കണ്ണുനിറയെ പൂത്തുലഞ്ഞു നിൽക്കുന്ന പുഷ്പങ്ങളിലെല്ലാം ആയിരമായിരം  ദളങ്ങൾ.

സ്വർഗ്ഗം തിരിച്ചുവിളിക്കുന്നു. അതിൻറെ സന്തതികളെ അവകാശികളെ.
റമദാൻറെ ദിനാന്തങ്ങളിൽ അന്ത്യയാമങ്ങളിൽ തൻറെ നാഥൻറെ പ്രീതി അവനെ പുഷ്പവൃഷ്ടിയായി  പരിരംഭണം  ചെയ്യുമ്പോൾ ...... വാനം കാത്തിരിക്കുന്നു നക്ഷത്രകുഞ്ഞുങ്ങളെ. ഒരിക്കൽക്കൂടി, ഒരിക്കലും അവസാനിക്കാത്ത സ്വർഗ്ഗഭോഗങ്ങളുമായി.

Thursday, May 29, 2014

പ്രയാസവാസം

പ്രയാസവാസം :
പ്രവാസം ഒരു അവസ്ഥയാണ്‌. സ്വന്തം നാട്ടിൽ സ്വന്തം വീട്ടിൽ സ്ഥിരതാമസമാക്കിയാലും അവസാനിച്ചുപോകാത്ത അവസ്ഥ. പ്രവാസത്തിൻറെ തടവറയിൽ അകപെട്ടുപോയവർക്ക് ഇടക്കിടെയുള്ള പരോൾ  നാട്ടുകാരും വീട്ടുകാരും സദയം  അനുവദിച്ചുകൊടുത്തിട്ടുണ്ട്‌, എന്നാൽ  നിത്യ മോചനം അവർ ആഗ്രഹിക്കുന്നില്ല,
മരണാനന്തര ആനുകൂല്ല്യങ്ങളോട് കൂടിയ     ജീവപര്യ ന്തം തടവാണ് നാട്ടുകാരും വീട്ടുകാരും പ്രവാസികൾക്കു സാദരം വിധിച്ചിട്ടുള്ളത്. 

Sunday, May 25, 2014

അന്ധതയുടെ ആഘോഷം


പിന്നിൽ മറഞ്ഞു നിൽക്കുന്നതാരാണ്, ഞാൻ തന്നെ. എനിക്ക്  കാണാനാവാത്ത ഞാൻ. കണ്ണുണ്ട് വെളിച്ചമുണ്ട് ! എന്നിട്ടും എനിക്ക് എന്നെ കാണാനാവുന്നില്ല !

 അറിയാത്ത കാണാത്ത പിൻപാതിയുടെ അപൂർണ്ണതയാണ്‌ ഞാൻ.

പാതിസത്യത്തിൻറെ അപൂർണതയെ നാം മനുഷ്യൻ   എന്നു വിളിക്കുന്നു. എല്ലാം തികഞ്ഞ എല്ലാം കീഴടക്കിയ  മനുഷ്യൻ.
ഈ ഭൂഗോളത്തെ കൈവെള്ളയിലിട്ടു അമ്മാനമാടുന്ന അവനു തന്നെ താനാക്കി മാറ്റുന്ന സ്വന്തം മുഖം  - അവൻറെ സ്വതത്തിന്റെ സൂര്യമുദ്ര - നേർക്കുനേരേ കാണാനാവില്ല.

ഈയൊരു  അന്ധതയുമായാണ് മഹാശാസ്ത്രകാരന്മാരും കലാകാരന്മാരും
രാഷ്ട്രനായകൻമാരും അടങ്ങുന്ന നരവംശത്തിലെ ഓരോ പ്രജയും ജനിച്ചു വീഴുന്നത്തും മരണം വരെ ജീവിക്കുന്നതും.